സ്‌നോളിഗോസ്റ്റർ; നിതീഷ് കുമാറിനെതിരെ വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിതീഷ് ഒരു ”സ്‌നോളിഗോസ്റ്റർ”(ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ) ആണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2017 ലെ ട്വീറ്റ് ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

2017ൽ ബിഹാറിലെ മഹാസഖ്യം വിട്ട് കുമാർ ബിജെപിയിൽ ചേർന്നിരുന്നു. ”ഇന്നത്തെ വാക്ക്! ‘സ്‌നോലിഗോസ്റ്റർ’ യുഎസ് ഭാഷയുടെ നിർവ്വചനം: കൗശലമുള്ള, തത്ത്വമില്ലാത്ത രാഷ്ട്രീയക്കാരൻ. ആദ്യം അറിയപ്പെട്ട ഉപയോഗം: 1845. ഏറ്റവും പുതിയ ഉപയോഗം: 26/7/17′- 2017ൽ തരൂർ ട്വീറ്റ് ചെയ്തു. ”ഇത് മറ്റൊരു ദിവസത്തിന്റെ വാക്കായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ല! #sollygoster.’- ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

അതേസമയം നിതീഷ് കുമാറിനെ ബിഹാറിലെ എൻഡിഎ നേതാവായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഗവർണറെ രാജ്ഭവനിൽ സന്ദർശിച്ച് നിതീഷ് കുമാർ അടക്കമുള്ള നേതാക്കൾ സഖ്യസർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടികയും ഗവർണർ രാജേന്ദ്ര അർലേക്കർക്ക് സമർപ്പിച്ചു. ബിജെപി-ജെഡിയു- ഹിന്ദുസ്ഥാൻ അവാമി മോർച്ച എന്നിവരുടെ എംഎൽഎമാർ അടക്കം 128 പേരുടെ പട്ടികയാണ് ഗവർണർക്ക് കൈമാറിയിരിക്കുന്നത്.