തിരുവനന്തപുരം: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസ് കണ്ടിജെന്റിനെ നയിച്ചുകൊണ്ട് കേരളത്തിനും ഇരിങ്ങാലക്കുടയ്ക്കും അഭിമാനമായി മാറിയ ശ്വേത കെ സുഗതൻ ഐപിഎസിന് അഭിനന്ദനം അറിയിച്ച് മന്ത്രി ആർ ബിന്ദു. രാജ്യമനസ്സിലും പുതു ചരിത്രത്തിലേക്കുമായിരുന്നു മലയാളിയായ ശ്വേത മാർച്ചു ചെയ്തതെന്ന് മന്ത്രി പറഞ്ഞു. അഞ്ചുപതിറ്റാണ്ടുമുമ്പ് അന്നത്തെ ‘രാജ്പഥി’ൽ കിരൺ ബേദി കുറിച്ച ചരിത്രമാണ് ഇക്കുറി ‘കർത്തവ്യപഥി’ൽ ശ്വേത തിരുത്തിക്കുറിച്ചതെന്ന് ബിന്ദു വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പരാമർശം.
1975 ലെ പരേഡിൽ ഡൽഹി പോലീസ് സംഘത്തെ നയിച്ച രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരൺ ബേദിയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് ശ്വേത പരേഡിൽ പുരുഷ സംഘത്തെ നയിച്ച് ചരിത്രത്തിൽ ഇടംപിടിച്ചത്. കിരൺ ബേദിക്ക് ശേഷം 28 വർഷത്തിനിടെ ഒരു സംഘത്തെ നയിക്കുന്ന ആദ്യ വനിതയുമായി. ഇത്തവണ വനിതാ സംഘത്തെയാണ് ശ്വേത പ്രതിനിധീകരിച്ചത്. ഇതോടെ പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട ആളൂർ പഞ്ചായത്തിലെ താഴേക്കാട് സ്വദേശിനിയായ ഈ ഐ.പി.എസ് ഉദ്യോഗസ്ഥയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്ററായി വിരമിച്ച കെ എസ് സുഗതന്റെയും ബിന്ദുവിന്റെയും മൂത്തമകളാണ് ശ്വേത. ചരിത്രം കുറിച്ച് നാടിന്റെ പേരുയർത്തിയ ശ്വേതയ്ക്ക് എല്ലാ അനുമോദനങ്ങളും നേരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

