ബിഹാറിൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ

പട്‌ന: ബിഹാറിൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ നിതിഷ് കുമാറിന് സത്യവാചകം ചൊല്ലി നൽകിയത്. നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഇത് ഒൻപതാം തവണയാണ്. ആറു തവണ ബിജെപി സഖ്യത്തിലും മൂന്നു തവണ ആർജെഡി സഖ്യത്തിലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ തുുടങ്ങിയവർ ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി എംഎൽഎ പ്രേംകുമാർ, ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്എഎം അധ്യക്ഷൻ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ് തുടങ്ങിയവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. ജെഡിയു- ആർജെഡി- കോൺഗ്രസ് മഹാസഖ്യ മുന്നണി വിട്ടാണ് ജെഡിയും വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനൊപ്പം ചേരുന്നത്.

ഇന്ത്യ സഖ്യത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് നിതിഷ് കുമാർ ജെഡിയു സഖ്യത്തിൽ നിന്നും പിന്മാറുന്നത്. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെട്ടിട്ടും തർക്കത്തിന് പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിതിഷ് കുമാറിന്റെ പിന്മാറ്റം. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരാനാണ് ജെഡിയു- ബിജെപി ധാരണ.