തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് ജനകീയ സംഘടനകളുടെ കൂട്ടായ്മ സമരത്തിന് തയ്യാറെടുക്കുകയാണ്. മുല്ലപ്പെരിയാർ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നാണ് വീണ്ടും സമരം നടക്കുക. ജനകീയ സംഘടനകളുടെ കൂട്ടായ്മ ഫെബ്രുവരി 7 ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ജാഥ നടത്തും.
എറണാകുളം കലൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് മറൈൻഡ്രൈവ് വരെയാണ് ജാഥ നടത്തുക. കേരളത്തിന് സുരക്ഷയും ജീവനും വേണം, തമിഴ്നാടിന് വെള്ളവും വേണം എന്ന മുദ്രാവാക്യം ജാഥയിൽ ഉയർത്തും. സമരസമിതിയുടെ ചെയർമാൻ അഡ്വക്കേറ്റ് ജേക്കബ് പുളിക്കൻ ആണ്. പ്രകാശ് ആലുവയാണ് സമര സമിതിയുടെ കൺവീനർ.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ നൽകിയ റിപ്പോർട്ടിൽ ആശങ്ക വ്യക്തമാണെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ കശ്വിന്ദർ വോറയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാടിന് കരാർപ്രകാരം ജലം നൽകാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്നും പുതിയ അണക്കെട്ട് നിർമ്മിച്ചാലും കരാർ പ്രകാരം ജലം നൽകാൻ കേരളം തയ്യാറാണെന്നും അദ്ദേഹം ജല കമ്മീഷനോട് വ്യക്തമാക്കിയിരുന്നു.

