ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനപരേഡ് അത്ഭുതകരമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ 109-ാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കർത്തവ്യപഥിൽ സ്ത്രീശാക്തീകരണമാണ് നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് റിപ്പബ്ലിക് ദിനപരേഡിലെ നാരീശക്തിയാണ്. കേന്ദ്ര സുരക്ഷാ സേനയുടെയും ഡൽഹി പോലീസിന്റെയും വനിതാ സംഘങ്ങൾ കർത്തവ്യപഥിൽ നടന്നപ്പോൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പരേഡിൽ നിരന്ന എല്ലാ കലാകാരും സ്ത്രീകളായിരുന്നു. 1,500 പെൺമക്കൾ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്തു. നാവികം, വ്യോമയാനം, സൈബർ, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീശക്തി രാജ്യത്തെ സംരക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ സ്ത്രീകൾ എല്ലാ മേഖലകളിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. സ്ത്രീകൾ ഇന്ന് സാമ്പത്തിക ഭദ്രത കൈവരിക്കുന്നു. സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്ത് സ്വയം സഹായ സംഘങ്ങൾ വർദ്ധിച്ചു. രാജ്യത്തെ പ്രതിഭകളായ കായിര താരങ്ങളെ രാഷ്ട്രപതി ഭവനിൽ അർജുന അവാർഡ് നൽകി ആദരിച്ചു. അവിടെയും എല്ലാവരെയും അതിശയിപ്പിച്ചത് പെൺകുട്ടികളുടെ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
13 വനിതാ അത്ലറ്റുകൾക്കാണ് അർജുന അവാർഡ് ലഭിച്ചത്. ഇത് രാജ്യത്തിന് എക്കാലവും അഭിമാനമുണ്ടാക്കുന്നതാണ്. പദ്മ അവാർഡിന്റെ വിശ്വാസ്യത നാൾക്കുനാൾ വർധിക്കുകയാണെ്. പദ്മ അവാർഡ് വിതരണം ചെയ്യുന്നതിന്റെ രീതി തന്നെ പത്ത് വർഷം കൊണ്ട് ഏറെ മാറി. ഇപ്പോൾ ജനങ്ങളുടെ പദ്മ അവാർഡായി മാറി. 2014 നേക്കാൾ 28 ഇരട്ടി നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.
കരുത്തുറ്റ നീതിന്യായ വ്യവസ്ഥ വികസിത ഭാരതത്തിന്റെ ഭാഗമാണ്. പഴയകാലത്തെ നിയമങ്ങൾ പരിഷ്‌കരിക്കാൻ സർക്കാർ പ്രവർത്തിക്കുന്നു. പൊതുജനത്തിന് വിശ്വാസമുളള ഒരു നീതിന്യായ വ്യവസ്ഥ രൂപീകരിക്കുന്നതിനും സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു. ജൻ വിശ്വാസ് ബിൽ ഈ ദിശയിലുള്ള ഒരു ചുവടുവയ്പാണ്. ആദ്യത്തെ മുസ്ലീം വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷൺ നൽകി ആദരിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

