അങ്കണവാടി ജീവനക്കാരുടെ വേതനം ഉയർത്തി: 60,232 പേർക്ക് ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം ഉയർത്തി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടുമെന്ന് ധനമന്ത്രി പറഞ്ഞു.

60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക. നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്ത് നൽകിയ കൈത്തറി നെയ്ത്ത് തൊഴിലാളികൾക്ക് 20 കോടി രൂപ അനുവദിച്ചു. നേരത്തെ 53 കോടി രൂപ നൽകിയിരുന്നു. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിൽ ഹാന്റക്സും, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ജില്ലകളിൽ ഹാൻവീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു.