ഇന്ത്യൻ നാവികസേനയിലെ എല്ലാ വിദഗ്ധർക്കും അഭിനന്ദനമറിയിക്കുന്നു; ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ക്യാപ്റ്റൻ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ അഗ്നി രക്ഷാസംഘത്തിന് നന്ദിയറിയിച്ച് മിസൈൽ ആക്രമണത്തെ തുടർന്ന് തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ക്യാപ്റ്റൻ. തീ കെടുത്താൻ സഹായിച്ചതിനാണ് അദ്ദേഹം അഗ്നിരക്ഷാ സംഘത്തിന് നന്ദി അറിയിച്ചത്. കപ്പലിന്റെ തീയണയ്ക്കാൻ സഹായിച്ചതിന് ക്യാപ്റ്റൻ നന്ദി പ്രകാശിപ്പിക്കുന്നതിന്റെ വീഡിയോ നാവികസേന എക്സ് മാദ്ധ്യമത്തിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാർലിൻ ലുവാൻഡയുടെ ക്യാപ്റ്റൻ അഭിലാഷ് റാവത്താണ് വീഡിയോ സന്ദേശത്തിലൂടെ നാവിക സേനയ്ക്ക് നന്ദി അറിയിച്ചത്.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലിൽ പടർന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ തങ്ങൾക്ക് നഷ്ടമായിരുന്നു. തീ കെടുത്താനെത്തിയ ഇന്ത്യൻ നാവികസേനയിലെ എല്ലാ വിദഗ്ധർക്കും അഭിനന്ദനമറിയിക്കുന്നുവെന്ന് ക്യാപ്റ്റൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. തങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവികസേനയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഏദൻ കടലിടുക്കിൽവെച്ച് ശനിയാഴ്ച രാത്രിയാണ് ബ്രിട്ടീഷ് ചരക്കുകപ്പലായ മാർലിൻ ലുവാൻഡയ്ക്ക് നേരെ മിസൈലാക്രമണം നടന്നത്. കപ്പലിൽ 22 ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശി പൗരനുമുണ്ടായിരുന്നു. സഹായഭ്യർഥിച്ചുള്ള സന്ദേശത്തെ തുടർന്നാണ് ഇന്ത്യൻ നാവികയുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം എത്തിയത്. പിന്നീട് അഗ്നിരക്ഷാ സേന തീ പൂർണ്ണമായും കെടുത്തി.

ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പത്ത് പേരടങ്ങുന്ന അഗ്നിരക്ഷാസംഘം കപ്പലിലുണ്ടായ തീ പൂർണമായും കെടുത്തിയത്. അതേസമയം, വീണ്ടും തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടോയെന്ന കാര്യം സംഘം പരിശോധിച്ചുവരികയാണ്.