എസ്എഫ്‌ഐക്കാർക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹം; ഗവർണറെ ന്യായീകരിച്ച് എം എം ഹസൻ

തിരുവനന്തപുരം: കൊല്ലം നിലമേലിൽ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് സംസാരിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. എസ്എഫ്‌ഐക്കാർക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാൽ മർദ്ദനവും, ഗവർണർക്കെതിരെ കാട്ടിയാൽ പൊലീസ് സംരക്ഷണം നൽകുമെന്ന് അദ്ദേഹം പരിഹസിച്ചു.

കരിങ്കൊടി കാണിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഗവർണർ വഴിനടക്കാൻ എസ്എഫ്‌ഐ സമ്മതിക്കുന്നില്ല. വഴിനീളെ പ്രതിഷേധവും അക്രമവും. ഇത് ശരിയായ നടപടിയല്ല. ഗവർണറുടെ ആശയങ്ങളോട് വിയോജിക്കുന്നു. സാധാരണ ഗവർണർമാരിൽ നിന്ന് വ്യത്യസ്തനാണ് ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം നിലമേൽ ആയിരുന്നു ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ഗവർണർ കടന്നു പോകുന്ന വഴിയിൽ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടിയും ബാനറുകളും ഉയർത്തി. തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർക്ക് മുൻപിലേക്ക് ഇറങ്ങിച്ചെന്ന് ഗവർണർ കുത്തിയിരുന്നു.

പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാതെ പോകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. നാടകീയ രംഗങ്ങളാണ് ഇന്ന് നിലമേലിൽ അരങ്ങേറിയത്. തന്റെ പേഴ്സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും ഗവർണർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും പ്രതിഷേധത്തിനിടെ കുത്തിയിരുന്നു കൊണ്ട് ഗവർണർ വ്യക്തമാക്കിയിരുന്നു.