ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. നമ്മുടെ രാജ്യം അമൃതകാലത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞുവെന്നും ഈ കാലം മാറ്റത്തിന്റേതാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാനുള്ള അസുലഭ അവസരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഈ ലക്ഷ്യങ്ങൾ നേടുന്നതിനായുള്ള പൗരന്മാരുടെ പങ്ക് വളരെ വലുതാണെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.
ഭരണഘടന രൂപീകരണത്തെ ആഘോഷിക്കുന്ന ദിവസമാണ് ഇന്ന്. നാം ഇന്ത്യയിലെ ജനങ്ങൾ എന്നാണ് ആരംഭിക്കുന്നത് തന്നെ ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. പാശ്ചാത്യ ജനാധിപത്യ സങ്കൽപ്പത്തേക്കാൾ പഴക്കമുള്ളതാണ് ഇന്ത്യയിലെ ജനാധിപത്യം. അതിനാലാണ് ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നത്. അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമ പ്രഭുവിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. പ്രാണപ്രതിഷ്ഠ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യ ചരിത്രത്തിലെ നാഴികകല്ലാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവോടെയാണ് ക്ഷേത്രനിർമ്മാണം നടന്നത്. ഇന്നത് മഹാ മന്ദിരമായ ഉയർന്നു കഴിഞ്ഞു. നീതിപീഠത്തോടുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ ഉറപ്പുകൂടിയാണ് ക്ഷേത്രം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറും. ഭാവിയിൽ ഒരുപാട് മേഖലകളിൽ ആശങ്കകൾ ഉണ്ടാകാം. അതുപോലെ തന്നെ അവസരങ്ങളും. പ്രത്യേകിച്ച് യുവാക്കൾക്ക്. അവർ പുതിയ പുതിയ വഴികൾ വെട്ടി മുന്നേറുകയാണ്. അവരുടെ പാതയിലെ എല്ലാ തടസ്സങ്ങളും മാറ്റാനായി നമുക്ക് പ്രയത്നിക്കാമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

