കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങൾ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി.
കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനുട്‌സ് രേഖകളും പുറത്തുവന്നിട്ടുണ്ട്. ഉയർന്ന പലിശ നൽകി ബോണ്ട് ഇറക്കുന്നതിൽ ചീഫ് സെക്രട്ടറി ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാൽ പലിശ കൂടുതലാണെങ്കിലും ഭാവിയിൽ കിഫ്ബിയ്ക്ക് ഗുണം ചെയ്യുമെന്ന് തോമസ് ഐസക് നിലപാടെടുത്തുവെന്നും ഇതേ തുടർന്നാണ് മസാലബോണ്ട് ഇറക്കാൻ തീരുമാനിച്ചതെന്നും ഇഡി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന് പുറത്തുള്ള ആളുകൾ മസാല ബോണ്ടിറക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നു. ഡയറക്ടർ ബോർഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നതെന്നും ഇഡി അറിയിച്ചു.
മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങൾ ഫിനാൻസ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോർഡ് യോഗത്തിൽ ഉന്നയിച്ച്, ഇത് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോൾ, അതിന് ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാൽ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിർണായക റോൾ തോമസ് ഐസക് വഹിച്ചിരുന്നു. തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തിൽ ഇല്ലെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണെന്നും എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചൂണ്ടിക്കാട്ടി.

