തിരുവനന്തപുരം: അഴിമതിക്കാർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും ഉള്ളതുപോര കൂടുതൽ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടന്ന സഹകരണ കോൺഗ്രസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അഴിമതിയുടെ വിഷയത്തിൽ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഴിമതിക്കാർക്കെതിരെ കർക്കശമായ നടപടിയിലേക്ക് സർക്കാർ നീങ്ങും. അഴിമതി ഏത് ഭാഗത്ത്നിന്നുണ്ടായാലും അവർക്ക് ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പിൽ നിന്നോ സർക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടാകില്ല. കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച അത്ഭുതപൂർവമാണ്. ഈ വളർച്ചയിൽ വല്ലാതെ അസൂയ പൂണ്ട് കഴിയുന്നവർ ഉണ്ട്. പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് അവരെ നയിക്കുന്നത്. സംസ്ഥാനത്ത് സഹകരണ മേഖല വലിയതോതിൽ കരുത്താർജ്ജിച്ചപ്പോൾ ദുഷിച്ച ചില പ്രവണതകളും ഉണ്ടാകുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാൽ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യതയെയാണ് ബാധിക്കുക. സഹകരണമേഖലയിൽ എല്ലാകാര്യങ്ങളും കൂട്ടമായി നടക്കുന്നതുകൊണ്ട് വ്യക്തിപരമായി അഴിമതി നടത്താൻ അത്രകണ്ട് പറ്റില്ല. എന്നാൽ, കുറേക്കാലം തുടരുമ്പോൾ ചിലർ ഈ പറഞ്ഞ ദുഷിച്ച പ്രവണതയ്ക്ക് ഇരയാവുകയാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
ഒരു സ്ഥാപനത്തിൽ തീർത്തും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. കർക്കശമായ നടപടികളുമായി സർക്കാരും വകുപ്പും സർക്കാർ ഏജൻസികളും മുന്നോട്ട് പോയി. കേന്ദ്ര ഏജൻസികൾ വന്ന് എല്ലാം പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു സ്ഥാപനത്തിൽ തെറ്റായ കാര്യങ്ങൾ നടന്നു. സംസ്ഥാന സർക്കാരും എല്ലാ ഏജൻസികളും ഇടപെട്ടു. പുറത്തുനിന്നുള്ള ഏജൻസികൾ വന്ന് ചെയ്തത് എന്താണ്. ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് ഏറ്റവും കൂടുതൽ കോട്ടം തട്ടുന്ന രീതിയിൽ ഇടപെട്ട ഒന്നാം പ്രതിസ്ഥാനത്തിരിക്കേണ്ടയാളെ മാപ്പുസാക്ഷിയാക്കുകയാണ് ചെയ്തത്. എന്താണ് ഇതിന്റെ ഉദ്ദേശ്യം. തെറ്റുചെയ്ത ആളെ മാപ്പുസാക്ഷിയാക്കി ആരെയാണ് രക്ഷിക്കാൻ നോക്കുന്നത്. രാഷ്ട്രീയമായി ചിലരെ തേജോവധം ചെയ്യാനുള്ള പ്രചരണത്തിനുള്ള കരുക്കൾ ഇയാളിൽ നിന്ന് കിട്ടണം. മാപ്പുസാക്ഷിയാകുന്നത് അതിന്റെ ഭാഗമല്ലേ. നിയമപരമായ വിചാരണയല്ലേ നേരിടേണ്ടത്. ആ കുറ്റത്തിൽ നിന്ന് രക്ഷിക്കാനല്ലേ നോക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

