തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പേരും കുറ്റക്കാരെന്ന് വിധിച്ച് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവം നടത്തിയത്.
പ്രതികളുടെ ശിക്ഷാവിധി കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും. ഗൂഢാലോചനയിൽ എല്ലാ പ്രതികൾക്കും പങ്കുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. എട്ടുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 2021 ഡിസംബർ 19നാണ് എസ്ഡിപിഐ പ്രവർത്തകർ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. വീട്ടിൽ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിൻ വെച്ച് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിൽ കേസിലെ പ്രതികൾ മാവേലിക്കര ജില്ലാ ജയിലിൽ കഴിയുകയാണ്.
അതേസമയം, കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
രണ്ടാമത്തെ ഗൂഢാലോചന നടന്നത് മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു. അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.