ടോക്കിയോ: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം എന്ന നേട്ടവുമായി ജപ്പാൻ. ചാന്ദ്രപര്യവേക്ഷണത്തിനുള്ള സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിങ് മൂൺ( സ്ലിം) ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങി. ജപ്പാൻ എയ്റോ സ്പേസ് പര്യവേക്ഷണ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിലെ കടൽ എന്നു വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനു സമീപമാണു പേടകം ഇറങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി 8.30നാണ് ലാൻഡിഡ് ആരംഭിച്ചത്. 20 മിനുട്ട് നീണ്ടുനിന്ന ലാൻഡിങിനൊടുവിൽ പേടകം ചന്ദ്രനിലിറങ്ങി. സ്ലിം ദൗത്യം ലക്ഷ്യം കൈവരിച്ചുവോ എന്നറിയാൻ ഒരു മാസം കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പിൻപോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പേടകം സോഫ്റ്റ് ലാൻഡ് ചെയ്തത്.
2023 സെപ്റ്റംബർ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്. തെക്കൻ ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററിൽനിന്നു തദ്ദേശീയമായ എച്ച്ഐഐഎ റോക്കറ്റിലായിരുന്നു വിക്ഷേപണം.. ജപ്പാൻ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സംയുക്ത പദ്ധതിയായ എക്സ്റേ ഇമേജിങ് ആൻഡ് സ്പെക്ട്രോസ്‌കോപി മിഷൻ ഉപഗ്രഹവും റോക്കറ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിദൂരപ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൂരദർശിനി അടങ്ങിയ സംവിധാനമാണിത്. 10 കോടി യുഎസ് ഡോളർ (ഏകദേശം 832 കോടി രൂപ) ആണ് ദൗത്യത്തിന്റെ ചെലവ്.

