തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാടിനെതിരേ എതിർപ്പുമായി ഭരണപക്ഷ എംഎൽഎ. വി കെ പ്രശാന്ത് എംഎൽഎയാണ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി കെ പ്രശാന്ത് തന്റെ നിലപാട് അറിയിച്ചത്.
തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രിക് ബസിന്റെ സേവനം ജനങ്ങൾക്ക് നന്നായി ലഭിക്കുന്നു. സർക്കാർ നിശ്ചയിച്ചതിന്റെ ഭാഗമായി പത്തുരൂപ കൊടുത്ത് ജനങ്ങൾ ആ വാഹനം ഉപയോഗിക്കുകയാണ്. അപ്പോഴാണ് ഇത്തരം ഒരു നിലപാട് മാറ്റത്തിലേക്ക് എത്തുന്നത്. അത് യോജിക്കാൻ പറ്റുന്ന കാര്യമല്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തോടും പ്രതികരിച്ചു.
ലാഭകരമല്ലാത്തതുകൊണ്ടാണ് ഇതുമാറ്റുന്നത് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഇത്രയും നാൾ ലാഭകരമാണ് എന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ലാഭകരമല്ലെങ്കിൽ ലാഭകരമാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണം. സർക്കാരിന്റെ നയം എന്നത്, ഇലക്ട്രോണിക് വാഹനം ഉപയോഗിക്കുക, മലിനീകരണം കുറക്കുക എന്നതാണ്. അത് തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

