വഡോദരയിൽ ബോട്ടപകടം; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി, ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ ബോട്ടപകടത്തിൽപ്പെട്ട് 16 പേർ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടം നടന്നത്. വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവരിൽ 14 പേർ കുട്ടികളും രണ്ട് പേർ അധ്യാപകരുമാണ്. ഒരു സ്വകാര്യ സ്‌കൂളിലെ 27 വിദ്യാർത്ഥികളായിരുന്നു അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്നത്. 14 പേർക്ക് പരമാവധി യാത്ര ചെയ്യാവുന്ന ബോട്ടിൽ 27 പേരെയും കുത്തി നിറക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ബോട്ടിലുണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വഡോദരയിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാരും ധനസഹായം പ്രഖ്യാപിച്ചു.

അപകടത്തിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോട്ട് ഉടമ പരേഷ് ഷാ, ഡ്രൈവർ നിലേഷ് ജെയിൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ട് മറിഞ്ഞ് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖിതനാണ്. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.