തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് റജിസ്റ്റാർ ഓഫ് കമ്പനീസ്( ആർഒസി). മുഖ്യമന്ത്രിയ്ക്ക് സിഎംആർഎല്ലിൽ പരോക്ഷമായി നിയന്ത്രണമുണ്ടെന്നും എക്സാലോജിക്-സിഎംആർഎൽ ഇടപാട് തൽപരകക്ഷി ഇടപാടാണെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കെഎസ്ഐഡിസിയിലുള്ള നിയന്ത്രണം വഴി സിഎംആർഎലിനും സ്വാധീനമുണ്ടെന്നും ആർഒസി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് സിഎംആർഎൽ. എക്സാലോജിക് കമ്പനിയുടെ ഡയറക്ടർ വീണ വിജയൻ മുഖ്യമന്ത്രിയുടെ മകളാണ്. സിഎംആർഎൽ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയുണ്ട്. എന്നിട്ടും സിഎംആർഎലുമായുള്ള ഇടപാട് തൽപരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്തുന്നത് നിയമലംഘനമാണെന്നാണ് ആർഒസി റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കും എക്സാലോജിക് കമ്പനിക്കും ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തിയുള്ള ആർഒസി (റജിസ്ട്രാർ ഓഫ് കമ്പനീസ്) റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രജിസ്ട്രേഷൻ ചട്ടങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പിഴ ചുമത്തിയിരിക്കുന്നത്. കമ്പനി റജിസ്ട്രാറാണ് കമ്പനീസ് ആക്ട് സെക്ഷൻ 454(1), (3) പ്രകാരം പിഴയിട്ടിരിക്കുന്നത്. മൂന്നുവർഷം മുൻപാണ് പിഴ വിധിച്ചിരിക്കുന്നത്.
എക്സാലോജിക് -സിഎംആർഎൽ ഇടപാടിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇടപാട് വിവരം സിഎംആർഎൽ മറച്ചുവച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആർഒസിയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്.
എക്സാലോജിക്ക് ആർഒസി ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. കോവിഡും കമ്പനി നഷ്ടത്തിലായതുമാണ് എക്സാലോജിക് ഇതിനായി പറഞ്ഞ കാരണങ്ങൾ. ഇടപാട് വിവരം സിഎംആർഎൽ മറച്ചുവച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

