പോലീസിന് കർശനനിർദേശവുമായി ഹൈക്കോടതി. ജനങ്ങളാണ് പരമാധികാരിയെന്നും അവരോട് ‘എടാ, ‘പോടാ’ വിളി വേണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കി വീണ്ടും സർക്കുലർ ഇറക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദേശിച്ചു. അഭിഭാഷകനോട് പാലക്കാട് ആലത്തൂരിൽ പോലീസുദ്യോഗസ്ഥൻ മോശമായിപെരുമാറിയ സംഭവത്തെത്തുടർന്നുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.
ഫെബ്രുവരി ഒന്നിന് ഈ സർക്കുലർ ഇറക്കിയതിന്റെ റിപ്പോർട്ട് ഹാജരാക്കാനും പറഞ്ഞു. നേരത്തെ തന്നെ പോലീസിന്റെ ‘എടാ, പോടാ’ വിളി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കേയാണ് ആലത്തൂരിലെ പോലീസുദ്യോഗസ്ഥൻ അഭിഭാഷകനെ ‘എടാ’ എന്ന് വിളിക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നത്.

