ചിത്രയും ശോഭനയുമെല്ലാം നാടിന്റെ സ്വത്ത്; അവരെ ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യം ഇല്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗായിക കെ എസ് ചിത്രയുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്താണെന്നും അവരെ ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണെന്നും കെ എസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമർശിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അതിന്റെ പേരിൽ ചിത്രയെ അടച്ചാക്ഷേപിക്കാൻ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ബിജെപി തെരഞ്ഞെടുപ്പിന് ഇന്ധനമായി ഉപയോഗിക്കുകയാണ്. പൂർത്തിയാവാത്ത രാമക്ഷേത്രമാണ് വരാനിരിക്കുന്ന തെരഞ്ഞടുപ്പ് ലക്ഷ്യം വെച്ച് ഉദ്ഘാടനം ചെയ്യാവൻ പോവുന്നത്. വിശ്വാസത്തിന്റെ മറവിൽ അമ്പല നിർമ്മാണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയ മുൻകൈ നേടാനായുള്ള ഇന്ധനമായാണ് രാമക്ഷേത്രത്തെ ബിജെപി കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങൾക്ക് സിപിഎം എതിരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയിലും ദ്രോഹങ്ങളിലും പ്രതിഷേധിച്ച് ഇടതുമുന്നണി ഫെബ്രുവരി എട്ടിന് ഡൽഹിയിൽ നടത്തുന്ന ജനകീയ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. എംഎൽഎമാരും എംപിമാരും സമരത്തിൽ പങ്കാളികളാവും. മുഖ്യമന്ത്രി ഇന്ത്യയിലെ എല്ലാ ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും കത്ത് നിൽകിയിട്ടുണ്ട്. സമരത്തിൽ പങ്കാളിയാവില്ലെന്ന പ്രതിപക്ഷത്തിന്റെ തീരുമാനത്തിൽ യുഡിഎഫിൽ തന്നെ പൂർണ്ണായി യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിന്റെ ആത്യന്തികമായ തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകിരണം. ഇതിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കാനാകില്ലെന്ന നിലപാടാണ് പ്രതിപക്ഷം എടുക്കുന്നത്. എക്സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കാനാണ് ശ്രമം. വസ്തുതകളുള്ള റിപ്പോർട്ടുകളല്ല പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പിലേക്കുള്ള കേളികൊട്ടാണിത്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായി വാർത്ത ചമയ്ക്കുന്നു. തെരഞ്ഞെടുപ്പ് വരെ ഇത്തരം വാർത്തകൾ തുടരും. എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.