മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്; ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഇലക്ട്രിക് സിറ്റി ബസ് സർവീസുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ പരാമർശം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനയാണ് ചർച്ചാ വിഷയമായത്. സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരിക്കുകയാണ്.

മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങളോട് എം വി ഗോവിന്ദൻ പ്രതികരിച്ചത്. ജനങ്ങൾക്ക് ആശ്വാസമെങ്കിൽ ഇലക്ട്രിക് ബസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വി കെ പ്രശാന്ത് എംഎൽഎയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇലട്രിക് സിറ്റി ബസ് സർവീസ് നയപരമായ തീരുമാനമാണെന്നും കെ എസ് ആർ ടി സിക്ക് ബാധ്യതയില്ലെന്നുമാണ് വി കെ പ്രശാന്ത് പറഞ്ഞത്. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിർത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകൾ നിലനിർത്തണമെന്നും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.