മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി; പരിസാഹവുമായി കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്‌സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടതിയുടെ മേൽനോട്ടത്തിൽ വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തത്. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങൾ നിയമപരമായി നേരിടും. പ്രതിപക്ഷ നേതാവും വി ഡി സതീശനും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്‌സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് ഞങ്ങൾ സംശയിക്കുന്നുണ്ടെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം.

എക്‌സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്‌സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നൽകിയില്ല. സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോർട്ട്. സിബിഐ, ഇ ഡി അന്വേഷണം വേണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.