മന്ത്രിമാർ ജനങ്ങളുടെ യജമാനൻമാരാണെന്ന് കരുതരുത്; മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: മന്ത്രിമാർ ജനങ്ങളുടെ യജമാനൻമാരാണെന്ന് കരുതരുതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ജനങ്ങൾ വോട്ട് ചെയ്തു പറഞ്ഞയച്ചതാണെന്ന ബോധം ഉണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് കെഎസ്ഇബിയുടെ മീറ്റർ ടെസ്റ്റിങ് ലബോറട്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജനങ്ങൾക്കു വേണ്ടിയാണ് നമ്മൾ എന്ന ചിന്ത നമ്മുടെ മനസ്സിൽ വരുന്നില്ല. അധികാരം ഇന്നു വരും നാളെ പോവും എന്ന ചിന്ത വേണം. മന്ത്രിയായാൽ താൻ യജമാനനാണെന്നു കരുതരുത്. ജനങ്ങൾക്ക് എല്ലാവർക്കും കൂടി സഭയിൽ പോവാൻ പറ്റില്ല. നമ്മളെ അയച്ചതു ജനങ്ങളാണ്. ജനങ്ങളാണ് യഥാർഥ ഉടമസ്ഥർ എന്ന ബോധം നമ്മുടെ എല്ലാവരുടെയും മനസ്സിൽ വേണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.