തിരുവനന്തപുരം: ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ഗതാഗത മന്ത്രിയുടെ ഈ തീരുമാനം ചില തലസ്ഥാന വാസികളെ നിരാശരാക്കിയിരിക്കുകയാണ്. മറ്റ് ബസുകൾ അധികം ഇല്ലാത്ത റൂട്ടുകളിലേക്കുള്ള ഇലക്ട്രിക്ക് ബസ് വലിയ ആശ്വാസകരമായിരുന്നുവെന്നാണ് തലസ്ഥാനവാസികൾ വ്യക്തമാക്കുന്നത്. ഈ ബസ് സർവീസ് വേണമെന്നുള്ള ആവശ്യമാണ് ഇവർ മുന്നോട്ടുവെയ്ക്കുന്നത്.
സാധാരണക്കാർക്ക് വളരെ പ്രയോജനപ്രദമായിരുന്നു ഈ സർവ്വീസെന്നും യാത്രക്കാർ പറയുന്നു. ചെലവ് കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെഎസ്ആർടിസി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞിരുന്നു. അതേസമയം, യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ സർവീസുകൾ നിർത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും മന്ത്രി ഇന്ന് നിർവ്വഹിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ പുതിയ യൂണിഫോം.കാക്കി നിറത്തിലുള്ള പാന്റ്‌സും ഷർട്ടുമാണ്. ഒമ്പത് ജീവനക്കാർക്ക് ചടങ്ങിൽ മന്ത്രി യൂണിഫോം വിതരണം ചെയ്തു. പുതിയ യൂണിഫോമുകളിൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരോ പെൻ നമ്പറോ വയ്ക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വിശദമാക്കി.

