കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

ന്യൂഡൽഹി: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഈ മാസം 22ന് ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചി ഓഫീസിൽ രാവിലെ 11 മണിക്കാണ് ഹാജരാകേണ്ടത്. ഇത് രണ്ടാം തവണയാണ് എൻഫോഴ്‌സ്‌മെന്റ് തോമസ് ഐസക്കിന് നോട്ടീസ് നൽകുന്നത്.

സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി ആദ്യം അദ്ദേഹം ഇഡിയ്ക്ക് മുന്നിൽ ഹാജരായില്ല. പിന്നീട് ഇഡിക്കെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും ഇഡി നോട്ടീസ് നൽകിരിക്കുന്നത്.

കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്.