ബേപ്പൂർ: കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ ഒറിജിനൽ ആധാർ കാർഡ് കൈവശം കരുതണമെന്ന ഫിഷറീസ് വകുപ്പ് നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മത്സ്യബന്ധനം നടത്തുന്നവരിൽ ആധാർ കൈവശം ഇല്ലെങ്കിൽ 15ന് ശേഷം പിഴ ചുമത്തും എന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് തീരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. സർക്കാർ തീരുമാനം അപ്രായോഗികവും മത്സ്യത്തൊഴിലാളി വിരുദ്ധവുമാണെന്നാണ് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ കുറ്റപ്പെടുത്തി.
വള്ളങ്ങളിലും ചെറു തോണികളിലും മീൻപിടിത്തം നടത്തുന്ന തൊഴിലാളികൾക്ക് സർക്കാർ തീരുമാനം തിരിച്ചടിയാകുമെന്നും ഫെഡറേഷൻ അറിയിച്ചു. മത്സ്യബന്ധനത്തിന്റെ പ്രായോഗികത മാത്രം മുൻനിർത്തി നിർമിക്കുന്ന പരമ്പരാഗത വള്ളങ്ങളിൽ അസ്സൽ രേഖകൾ സൂക്ഷിക്കുക ഗുണകരമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. വള്ളങ്ങളിൽ പണിക്കു പോകുന്ന മത്സ്യത്തൊഴിലാളികൾ ഒറിജിനൽ ആധാർ കയ്യിൽ കരുതിയാൽ കടലിൽ അപകടത്തിൽപെട്ടാൽ അതു നഷ്ടപ്പെടാൻ സാധ്യത ഏറെയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
യാനങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ റജിസ്‌ട്രേഷനും ലൈസൻസും തൊഴിലാളികൾക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ അനുവദിച്ച ബയോമെട്രിക് കാർഡുകളും ഉണ്ടാകും. എന്നിട്ടും ആധാർ കൈവശം സൂക്ഷിക്കണമെന്നത് മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അപ്രായോഗിക തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു നിരന്തരം നിയമക്കുരുക്കുകൾ ഉണ്ടാക്കി മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുന്ന തീരുമാനം തിരുത്തിയില്ലെങ്കിൽ സംസ്ഥാനതലത്തിൽ പ്രക്ഷോഭം നടത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിലും സെക്രട്ടറി എം പി അബ്ദുൽ റാസിക്കും വ്യക്തമാക്കി.

