സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ പ്രവർത്തനം; മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡൽഹി: സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കോച്ചിംഗ് സെന്ററുകൾക്ക് 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകരുത് എന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. 25000 മുതൽ ഒരു ലക്ഷം വരെ പിഴ നിയമ ലംഘകരിൽ നിന്നും ഈടാക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സ്വകാര്യ പരിശീലന കേന്ദ്രങ്ങളെ കുറിച്ച് വ്യാപക പരാതികൾ കേന്ദ്രസർക്കാരിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞേ പ്രവേശനം അനുവദിക്കാവൂ, തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകരുത്, ബിരുദത്തിൽ താഴെ യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കരുത്, അദ്ധ്യാപകരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തണം, ന്യായമായ ഫീസേ വാങ്ങാവൂ, മുഴുവൻ ഫീസ് നൽകിയ ചേരുന്നവർ ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ ബാക്കി തുക തിരികെ നൽകണം തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. പല ശാഖകൾ ഉള്ള സ്ഥാപനങ്ങൾക്ക് ഓരോന്നിൽ നിന്നും രജിസ്‌ട്രേഷൻ വേണമെന്നും നിർദ്ദേശമുണ്ട്.