അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉച്ച വരെ അവധി

ന്യൂഡൽഹി: ജനുവരി ഇരുപത്തി രണ്ടിന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ചു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അര ദിവസം അവധി നൽകുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ തത്സമയ സംപ്രേഷണം കാണാനാണ് അവധി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

അയോദ്ധ്യാ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ജീവനക്കാർക്ക് ചില സംസ്ഥാന സർക്കാരും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും മുഖ്യമന്ത്രി മോഹൻ യാദവ് പൊതുഅവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ജനുവരി 22ന് രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് ഉച്ചവരെ അവധി നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ എല്ലാ ഓഫീസുകളും അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവർത്തിക്കില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകുന്നതിന് വേണ്ടിയാണ് അവധി നൽകുന്നതെന്നും ധനകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.