തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ജയിൽമോചിതനായതിനായതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. കിരീടം താഴെ വെക്കണമെന്നും ജനങ്ങൾ പിന്നാലെയുണ്ടെന്ന് കേരളത്തിന്റെ ‘രാജാവ്’ ഓർക്കണമെന്നും രാഹുൽ പറഞ്ഞു.
ജയിൽമോചിതനായ ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം നൽകിയിരുന്നു. ഈ സ്വീകരണത്തിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഒമ്പത് ദിവസത്തെയല്ല, ജീവപര്യന്തം ജയിലിലിട്ടാലും ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടത്തിൽ ഒരടി പോലും പിറകോട്ട് പോകാൻ കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസ്ഥാനം ഒരുക്കമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്രയൊക്കെ ഇരുമ്പഴിക്കുള്ളിലാക്കിയാലും പ്രവർത്തകരെ കല്യാശ്ശേരി മുതൽ തിരുവനന്തപുരം വരെ തല്ലിയൊതുക്കിയാലും, നാടിനും ജനങ്ങൾക്കും വേണ്ടി യൂത്ത് കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല. കഴിഞ്ഞ ഒമ്പതുദിവസവും അതിന് മുമ്പും നിർലോഭമായ പിന്തുണ നൽകിയ തന്റെ അമ്മ ഉൾപ്പെടെയുള്ള ഈ നാട്ടിലെ മുഴുവൻ അമ്മമാരോടും, മുഴുവൻ മലയാളികളോടുമുള്ള നന്ദി, വരും ദിവസങ്ങളിലെ ശക്തമായ പോരാട്ടത്തിലൂടെ പ്രതിഫലിപ്പിക്കുമെന്നും രാഹുൽ അറിയിച്ചു.

