ഏഷ്യയിൽ നിന്ന് മറ്റൊരു രാജ്യം കൂടി ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുന്നു. വെള്ളിയാഴ്ച ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് തയ്യാറെടുക്കുന്നത് ജപ്പാന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ജക്സയുടെ സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ എന്ന സ്‌ലിം ആണ്. എച്ച്-2 റോക്കറ്റിൽ ജപ്പാൻ സ്‌ലിം 2023 സെപ്റ്റംബർ ആറിനാണ് വിക്ഷേപിച്ചത്.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഡിസംബർ 25നാണ് സ്‌ലിം പ്രവേശിച്ചത്. ചന്ദ്ര ഭൂപ്രദേശത്തിന്റെ പുതിയ ചിത്രങ്ങൾ SLIM അതിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ ഉപയോഗിച്ച് പകർത്തി. ലാൻഡറിന്റെ ഇറക്കം നാവിഗേറ്റ് ചെയ്യുന്നതിലും ഭാവി ദൗത്യങ്ങൾക്കായി വിലപ്പെട്ട ഡാറ്റ നൽകുന്നതിലും ഈ ഫോട്ടോഗ്രാഫുകൾ നിർണായക പങ്ക് വഹിക്കുന്നു. ഈ മിഷൻ വിജയകരമായാൽ ചന്ദ്രനിൽ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമായി മാറാൻ ജപ്പാന് കഴിയും. ചന്ദ്രനിൽ ലാൻഡിങ് നടത്തിയ മറ്റു രാജ്യങ്ങൾ സോവിയറ്റ് യൂണിയൻ, ചൈന, അമേരിക്ക, ഇന്ത്യ എന്നിവരാണ്.

