ഡബിൾ സ്മാർട്ട്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചത് 30 മിനുട്ട് കൊണ്ട്

തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ട്. അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രി ഈ വിവരം പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ മകളെന്ന് പരാമർശിക്കാതെ ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. വധുവും വരനും വിവാഹ സർട്ടിഫിക്കറ്റ് കൈപ്പറ്റുന്ന ചിത്രവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്.

കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്.