ഹോട്ടലുകൾക്ക് പുതിയ നിർദ്ദേശം പുറത്തുവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആഹാരം തയ്യാറാക്കിയ സമയക്രമം ഉൾപ്പെടെയുള്ള ലേബലുകൾ ഭക്ഷണം പാഴ്‌സൽ നൽകുമ്പോൾ കവറിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്നാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദ്ദേശിച്ചിരിക്കുന്നത്. ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി ലേബലിൽ രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു നിർദ്ദേശവുമായി സുരക്ഷാ വകുപ്പ് എത്തിയിരിക്കുന്നത്. ഇതിനു മുമ്പും ലേബലുകൾ പതിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാതെ വന്നതോടെയാണ് നിയമം കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചത്. ലേബലിൽ അടയാളപ്പെടുത്തുന്ന സമയപരിധിയിൽ തന്നെ ഭക്ഷണം കഴക്കുന്നതിലൂടെ ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ സാധിക്കുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ പറഞ്ഞു.

