ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തി നഗരത്തിൽ ആശുപത്രികളും സ്‌കൂളുകളും ഉണ്ട്. രാഹുൽ ഗാന്ധി നഗരത്തിൽ കൂടി യാത്രചെയ്താൽ കേസ് രജിസ്റ്റർ ചെയ്യും. സർക്കാർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽ നിന്ന് അസമിൽ പ്രവേശിച്ചിരുന്നു. ജനുവരി 25 വരെയാണ് അസമിൽ രാഹുൽ പര്യടനം നടത്തുന്നത്. അസം സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശിവസാഗർ ജില്ലയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു രാഹുൽ അസം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പൊതുമുതൽ മോഷ്ടിക്കുകയും വിദ്വേഷം പരത്തുകയുമാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നതെന്നായിരുന്നു രാഹുലിന്റെ വിമർശനം.
അതേസമയം, ഭാരത് ജോഡോ യാത്ര വിജയകരമല്ലെന്ന് വരുത്തിത്തീർക്കാൻ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ എല്ലാ ശക്തികളും ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശും ആരോപിച്ചിരുന്നു.

