തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കും എക്‌സാലോജിക് കമ്പനിക്കും ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തിയുള്ള ആർഒസി (റജിസ്ട്രാർ ഓഫ് കമ്പനീസ്) റിപ്പോർട്ട് പുറത്ത്. രജിസ്‌ട്രേഷൻ ചട്ടങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പിഴ ചുമത്തിയിരിക്കുന്നത്. കമ്പനി റജിസ്ട്രാറാണ് കമ്പനീസ് ആക്ട് സെക്ഷൻ 454(1), (3) പ്രകാരം പിഴയിട്ടിരിക്കുന്നത്. മൂന്നുവർഷം മുൻപാണ് പിഴ വിധിച്ചിരിക്കുന്നത്.
എക്സാലോജിക് -സിഎംആർഎൽ ഇടപാടിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇടപാട് വിവരം സിഎംആർഎൽ മറച്ചുവച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആർഒസിയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്.
എക്സാലോജിക്ക് ആർഒസി ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. കോവിഡും കമ്പനി നഷ്ടത്തിലായതുമാണ് എക്‌സാലോജിക് ഇതിനായി പറഞ്ഞ കാരണങ്ങൾ. ഇടപാട് വിവരം സിഎംആർഎൽ മറച്ചുവച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

