കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം. മുൻ പ്രിൻസിപ്പലാണ് ഇക്കാര്യം ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകിയത്. പരിപാടിക്കായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തന്നെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കോടതിയിൽ വിശദമാക്കി.
അതേസമയം, പരിപാടിയുടെ സംഘാടനത്തിൽ അധ്യാപകർ അശ്രദ്ധ കാട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ക്യാംപസുകളിൽ കുട്ടികൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാർഗരേഖ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നതായും സർക്കാർ കോടതിയിൽ വിശദമാക്കി. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കെഎസ്യു ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
മാർഗരേഖയുടെ പകർപ്പ് ഹാജരാക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ദുരന്തത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് സർക്കാരിനോട് കോടതി റിപ്പോർട്ട് തേടുകയും ചെയ്തു.

