ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യർ. ജനുവരി 22ന് അയോദ്ധ്യ ക്ഷേത്രത്തിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠാചടങ്ങിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കില്ലെന്നുള്ള വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു. പവിത്രവും അപൂർവ്വവുമായ ഈ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിലൂടെ എല്ലാ വിശ്വാസികളെയും ശ്രീരാമൻ അനുഗ്രഹിക്കുമെന്ന് ശൃംഗേരി ശാരദാ പീഠം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
500 വർഷത്തോളമായി നില നിന്നിരുന്ന തർക്കം അവസാനിച്ചുവെന്നും, സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് സന്തോഷകരമായ ഒരു അവസരമായിരിക്കുമെന്നും പ്രസ്താവനയിൽ ശാരദാ പീഠം പറയുന്നു. അയോധ്യയിലെ എല്ലാ ചടങ്ങുകളും വേദങ്ങൾ അനുസരിച്ചും മത ഗ്രന്ഥങ്ങൾ പാലിച്ചും നടത്തണമെന്നും ഇത് ദ്വാരകാധീഷ് ദേവനോടുള്ള പ്രാർത്ഥനയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു മതത്തിലെ ഗുരു സ്ഥാനം അലങ്കരിക്കുന്നവർ ആരും ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജോഷിമഠ് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി നേരത്തെ പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും മുൻപേ ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് ഹിന്ദു മതത്തിന് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

