ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാവില്ല; അഖിലേഷ് യാദവ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാവില്ലെന്ന് വ്യക്തമാക്കി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസോ ബിജെപിയോ തന്നെ പരിപാടികൾക്ക് ക്ഷണിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളോട് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിജെപിയോ കോൺഗ്രസോ തന്നെ പരിപാടികൾക്ക് ക്ഷണിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷ് യാദവിനെ ക്ഷണിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. കോൺഗ്രസ് യുപി അധ്യക്ഷൻ അജയ് റായിയാണ് അഖിലേഷ് യാദവിനെ ക്ഷണിച്ച വിവരം സ്ഥിരീകരിച്ചത്.

ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികൾക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അഖിലേഷിനെ ക്ഷണിച്ചിട്ടുണ്ട്. ക്ഷണക്കത്തിന്റെ കോപ്പികൾ തന്റെ കൈവശമുണ്ടെന്നും അജയ് റായ് കൂട്ടിച്ചേർത്തു.