ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ല്; കൊച്ചിയിൽ 4000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: കൊച്ചിയിൽ 4000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലും ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുളള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

4000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രിയ്ക്ക് പിണറായി വിജയൻ നന്ദിയറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളിലൂടെ 4000 പേർക്ക് തൊഴിൽ ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പൊതു വികസനത്തിൽ കേരളം നൽകുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്. ഐഎസ്ആർഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. ചന്ദ്രയാൻ, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളിൽ കെൽട്രോൺ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശയസ് ഉയർത്തുന്നതിൽ കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. കൊച്ചി വാട്ടർ മെട്രോയെ തേടി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളുമെത്തുന്നുവെന്നതും ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി വിശദമാക്കി.