കൊൽക്കത്ത: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മതസൗഹാർദ റാലി നടത്താൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എല്ലാ മതവിഭാഗങ്ങളേയും ഉൾക്കൊള്ളിച്ച് വിവിധ ആരാധനകേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാകും റാലി നടത്തുക. പാർക്ക് സർക്കസ് മൈതാനത്ത് പൊതുസമ്മേളനത്തോടെയാണ് റാലി സമാപിക്കുക.
ബംഗാളിലെ മറ്റിടങ്ങളിലും റാലി സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള നാടകമെന്ന് വിമർശിച്ച് അയോധ്യയിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ മമത ബാനർജി തീരുമാനിച്ചിരുന്നു. അയോധ്യയിൽ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠ നടക്കുന്ന അന്നുതന്നെ തീർഥാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിലും മമത സന്ദർശനം നടത്തും.
മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഉത്സവങ്ങൾ എല്ലാവർക്കുമുള്ളതാണ്. തങ്ങൾ ജനുവരി 23, ജനുവരി 26 എന്നിവ ആഘോഷിക്കും. 22ന് റാലി സംഘടിപ്പിക്കും. നിങ്ങൾ നിരവധി ക്ഷേത്രങ്ങളെക്കുറിച്ച് ചോദിക്കുന്നു. തനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും തമ്മിൽ വേർതിരിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.

