കരുവന്നൂർ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല; പി രാജീവ്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ വിവാദങ്ങളോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. കരുവന്നൂർ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് കരുവന്നൂർ സഹകരണ ബാങ്കിൽ വിരുദ്ധമായ വായ്പകൾ അനുവദിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇൻഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

ഒരു ജില്ലയിലെ പാർട്ടി നേതൃത്വം മറ്റു ജില്ലകളിലെ കാര്യത്തിൽ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവിനെതിരെയും പി രാജീവ് രൂക്ഷ വിമർശനം ഉന്നയിച്ചു. ഫോൺ ഹർജിയിൽ കെൽട്രോണിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിനെ നീക്കം എന്നാണ് പി രാജീവ് ആരോപിക്കുന്നത്. എംടിയുടെയും എം മുകുന്ദന്റെയും വിമർശനങ്ങളിൽ തങ്ങളെ ബാധിക്കുന്നത് ഉണ്ടെങ്കിൽ അത് ഉൾക്കൊള്ളും. എന്നാൽ വിമർശനം ഒരാളിലേക്ക് ഒതുക്കാൻ ആണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി രാജീവ് കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദം ചെലുത്തിയതെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുളള സ്വകാര്യ ഹർജിയിലാണ് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്.

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനായി രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. കോടികൾ രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം നിക്ഷേപിച്ചതെന്നാണ് എൻഫോഴ്സ്മെന്റ് അറിയിച്ചത്. ഏരിയ കോൺഫറൻസ്, സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നീ പേരിലായിരുന്നു പണം സൂക്ഷിച്ചിട്ടത്. ഇതിന് മാത്രമായി പ്രത്യേക മിനിറ്റ്സ് ബുക്ക് ഉണ്ടായിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടി.