അയോധ്യാ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ദിന ചടങ്ങിൽ പങ്കെടുക്കില്ല; ജ്യോതിർമഠ് ശങ്കരാചാര്യർ

ന്യൂഡൽഹി: അയോധ്യാ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ദിന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ജ്യോതിർമഠ് ശങ്കരാചാര്യർ. ആചാര വിധിപ്രകാരമല്ല അയോധ്യയിലെ ചടങ്ങുകളെന്ന് അദ്ദേഹം പറഞ്ഞു. അപൂർണ്ണമായ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തരുതെന്നാണ് ആചാരമെന്നും അദ്ദേഹം അറിയിച്ചു. വൈദിക ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ചോദ്യം ചെയ്ത് നേരത്തെ ജ്യോതിർമഠ് ശങ്കരാചര്യർ രംഗത്തെത്തിയിരുന്നു.

ഇത് വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആചാരലംഘനം നടക്കുന്നുവെന്നതിൽ നാല് ശങ്കരാചാര്യന്മാർക്കും തുല്യ നിലപാടാണെന്നും നേരത്തെ പറഞ്ഞിരുന്നു. രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വൈദിക ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിലെ അതൃപ്തി പുരി ശങ്കരാചാര്യരും പ്രകടമാക്കിയിരുന്നു.

പ്രതിമ അനാച്ഛാദനമല്ല അയോധ്യയിൽ നടക്കുന്നതെന്നും ആചാര വിധി പ്രകാരം ചടങ്ങുകൾ നടക്കണമെന്നും പുരി ശങ്കരാചര്യർ നിശ്ചലാന്ദ സരസ്വതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.