തീവ്ര നിലപാട് പാടില്ല; പ്രസംഗകർക്ക് നിർദ്ദേശവുമായി സമസ്ത

തിരുവനന്തപുരം: പ്രസംഗകർക്ക് നിർദ്ദേശം നൽകി സമസ്ത. തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകർക്ക് സമസ്ത നിർദ്ദേശം നൽകി. തീവ്ര വികാരങ്ങൾ ഇളക്കിവിടുന്ന നിർദേശങ്ങൾ പാടില്ലെന്നും മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണമെന്നുമാണ് നിർദ്ദേശം.

സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുത്. ഒരു വിശ്വാസിക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ പറയാൻ പാടുള്ളൂ. ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ഉണ്ടാവരുതെന്ന് സമസ്ത ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് സമസ്ത പുതിയ നിർദ്ദേശം നൽകിയത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരുവന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകരുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സമസ്ത മുഷാവറ ആ തീരുമാനമെടുത്താൽ അത് അംഗീകരിക്കുമെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി. എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.