മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നു; പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണം നടത്തി ഇന്ത്യ. മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വ്യോമസേന മാലദ്വീപിലെ ജനങ്ങൾക്കായി ചെയ്തു വരുന്ന മാനുഷിക സഹായങ്ങൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സ്ഥിതി തുടരാൻ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായൊരു പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഞായറാഴ്ച ഇന്ത്യ – മാലദ്വീപ് ഉന്നതതല യോഗം മാലിയിൽ ചേർന്നിരുന്നു. യോഗത്തിൽ ഇന്ത്യൻ സൈന്യത്തെ മാർച്ച് 15-നകം പിൻവലിക്കണമെന്ന് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ആവശ്യപ്പെടുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദീപ് മന്ത്രി നടത്തിയ അപകീർത്തി പരാമർശങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി മാലദ്വീപ് അഭ്യർത്ഥിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാലദ്വീപ് മുൻ ഗവൺമെന്റുകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തുടർന്നു വന്നത്. സമുദ്ര സുരക്ഷയ്ക്കും ദുരന്തനിവാരണ സഹായത്തിനും വേണ്ടിയായിരുന്നു മാലദ്വീപ് ഇന്ത്യൻ സൈനിക സഹായം തേടിയിരുന്നത്.