അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ നയതന്ത്ര ബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകുമെന്ന് ചൈന പ്രതീക്ഷിക്കേണ്ടതില്ല; എസ് ജയശങ്കർ

നാഗ്പുർ: ചൈനയ്ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തിയിലെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ നയതന്ത്ര ബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകുമെന്ന് ചൈന പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പുരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതിർത്തി പ്രശ്നത്തിൽ ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ, മറ്റ് ബന്ധങ്ങൾ സാധാരണഗതിയിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഒരേസമയം, യുദ്ധം ചെയ്യാനും വാണിജ്യബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയില്ല. നയതന്ത്രപരമായ പ്രശ്നങ്ങളിൽ പരിഹാരം അതിവേഗം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വിദേശത്ത് സ്ഥിരതാമസമാക്കാൻ ധാരാളം ഇന്ത്യക്കാർ പാസ്പോർട്ട് സറണ്ടർ ചെയ്യുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. അത് വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി നൽകിയ മറുപടി.

വിദേശത്തേക്ക് പോകുന്നവരെ മോശമായി കാണരുതെന്നും വ്യോമയാനം, ഷിപ്പിങ്, ഹോസ്പിറ്റാലിറ്റി, തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.