ബിജെപിയുടെയും ആർഎസ്എസിന്റെയും വിദ്വേഷത്തിന്റെ പ്രതീകമാണ് മണിപ്പൂർ; രാഹുൽ ഗാന്ധി

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിന്റെയും വിദ്വേഷത്തിന്റെ പ്രതീകമാണ് മണിപ്പൂരെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബിജെപിക്കും മോദിക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. 2004 മുതൽ താൻ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ ഭരണത്തിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതായ ഒരു സ്ഥലം സന്ദർശിക്കുന്നത് ആദ്യമായാണ്. ജൂൺ 29നു ശേഷം മണിപ്പുർ യഥാർഥ മണിപ്പൂരല്ല. മണിപ്പുർ വിഭജിക്കപ്പെട്ടിരിക്കുന്നു, മുക്കിലും മൂലയിലും വിദ്വേഷം പടർന്നിരിക്കുന്നു, ലക്ഷക്കണക്കിന് ആളുകൾക്ക് നഷ്ടം സംഭവിച്ചിരിക്കുന്നു. ജനങ്ങൾക്ക് അവരുടെ കൺമുന്നിൽവച്ച് പ്രിയപ്പെട്ടവരെ നഷ്ടമായിരിക്കുന്നു. എന്നാൽ ഇതുവരെ നിങ്ങളുടെ കണ്ണീരകറ്റാൻ, നിങ്ങളുടെ കൈകൾ ചേർത്തുപിടിക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടേക്ക് എത്തിയില്ല. വളരെയേറെ അപമാനകരമായ കാര്യമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിലപ്പോൾ മോദിക്കും ബിജെപിക്കും ആർഎസ്എസിനും മണിപ്പൂർ ഇന്ത്യയുടെ ഭാഗമായിരിക്കില്ല. ബിജെപി രാഷ്ട്രീയത്തിന്റെ പ്രതീകമാണ് മണിപ്പൂർ. ബിജെപിയുടെ കാഴ്ചപ്പാടിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പ്രതീകമാണ് മണിപ്പൂർ. നിങ്ങൾക്ക് വളരെ വിലപ്പെട്ടത് നഷ്ടമായി, എന്നാൽ അത് കണ്ടെത്തി തിരികെ കൊണ്ടുവരിക തന്നെ ചെയ്യും. മണിപ്പുരിലെ ജനങ്ങൾ ഏതു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തങ്ങൾക്ക് അറിയാം. നിങ്ങളുടെ വേദനയും നഷ്ടങ്ങളും തങ്ങൾക്ക് മനസ്സിലാകും.

നിങ്ങൾക്ക് നഷ്ടമായ വിലപ്പെട്ടതെല്ലാം, നിങ്ങളുടെ സന്തോഷവും സമാധാനവും തിരികെ കൊണ്ടുവരുമെന്ന് തങ്ങൾ ഉറപ്പു നൽകുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.