തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷം. ഓൺലൈനായിട്ടായിരിക്കും പ്രതിപക്ഷം യോഗത്തിൽ പങ്കെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എന്നിവർക്കാണ് യോഗത്തിൽ ക്ഷണം ലഭിച്ചിരിക്കുന്നത്.
യുഡിഎഫിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഓൺലൈനായി പങ്കെടുക്കാമെന്ന് നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു.
കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ചാണ് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തുക. ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച.

