അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവർ; എം മുകുന്ദൻ

കോഴിക്കോട്: അധികാര വിമർശനം നടത്തി എഴുത്തുകാരൻ എം മുകുന്ദൻ. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണെന്ന് എം മുകുന്ദൻ വ്യക്തമാക്കി. എം ടി വാസുദേവൻ നായർക്ക് പിന്നാലെയാണ് എം മുകുന്ദനും വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നിലവിൽ നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. അതോടൊപ്പം കിരീടത്തിന്റെ പ്രാധാന്യം കൂടിവരുന്നു. കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കണണെന്ന് അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെ നിന്നും എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങൾ വരുന്നുണ്ട്. വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട. വിമർശനം എല്ലാ ഭരണാധികാരികൾക്കും ബാധകമാണ്. ഇടത് സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളിൽ ഇടർച്ച ഉണ്ടാകുന്നുണ്ട്. ആ ഇടർച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാർ ചെയ്യുന്നതെന്നും എം മുകുന്ദൻ അഭിപ്രായപ്പെട്ടു.