ചെന്നൈ: ഉദയനിധി സ്റ്റാലിനെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കള്ളഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. ഉദയനിധിയുടെ നേതൃത്വത്തിൽ ജനുവരി 21ന് സേലത്ത് നടക്കാനിരിക്കുന്ന ഡിഎംകെ യൂത്ത് വിങ് കോൺഫറൻസിനെ എതിർക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങൾ പരത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊങ്കൽ ആശംസാ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തുടനീളമുള്ള യുവാക്കൾ സേലത്തെ സമ്മേളനത്തിന് തയാറെടുക്കുമ്പോൾ, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ തന്റെ ആരോഗ്യത്തെക്കുറിച്ച് പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് വിങ് കോൺഫറൻസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പാർട്ടി പ്രവർത്തകർ അനുവദിക്കരുത്. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യം. ഇതിനെ എതിർക്കുന്നവർ കുപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

