എക്സാലോജിക്കിനെതിരെയുള്ള അന്വേഷണം; കമ്പനിയുടെ പ്രവർത്തനം ദുരൂഹമെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കമ്പനിയുടെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അതുകൊണ്ടും, കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകാത്തതുകൊണ്ടുമാണ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. ഈ വിഷയത്തെ വർഗീയതയടക്കം പറഞ്ഞ് മുഖ്യമന്ത്രി പ്രതിരോധിക്കും. ഇതുമായി ബന്ധപ്പട്ട് കെഎസ്ഐഡിസിക്കെതിരായി അന്വേഷണം വരുന്നത് ഗുരുതരമാണ്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണത്തിൽ മന്ത്രി പി രാജീവ് മറുപടി പറയണം. ക്രമക്കേടുകൾക്കു വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണ് സംശയിക്കേണ്ടത്. കരിമണൽ കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിനു മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.