ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ചെയർപേഴ്‌സൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. വെർച്വലായി ചേർന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് വെർച്വലായി യോഗം ചേർന്നത്. ഓൺലൈനായാണ് കക്ഷികൾ യോഗത്തിൽ പങ്കെടുത്തത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കക്ഷികളെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭാ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കടമ്പകളാണ് ഇനി ഇന്ത്യ സഖ്യത്തിന് മുന്നിലുള്ളത്. അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. ഇതിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. അഴിമതി സഖ്യത്തിലെ ഓരോ പാർട്ടിയും പരസ്പരം ഐക്യമില്ലെന്നും ഓരോ പാർട്ടി നേതാക്കൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശിയെന്നും ദേശീയ ജന സെക്രട്ടറി തരുൺ ചുഗ് ആരോപിച്ചു.

