ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത് ശ്രീരാമൻ; എൽ കെ അദ്വാനി

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. ജനുവരി 22ന് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത് ശ്രീരാമനാണെന്ന് അദ്ദേഹം പറഞ്ഞു. മോദി ഇന്ത്യക്കാരുടെയെല്ലാം പ്രതിനിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ നേതാവാണ് എൽ കെ അദ്വാനി. ഇത് ഒരു ദൈവീക സ്വപ്നത്തിന്റെ പൂർത്തീകരണമാണെന്നും രഥയാത്ര ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ താനൊരു സാരഥി മാത്രമാണെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം അറിയിച്ചു.

യാത്രയുടെ പ്രധാനദൂതൻ രഥം തന്നെയായിരുന്നു. കാരണം അതിന് ആരാധനയ്ക്കുള്ള യോഗ്യതയുണ്ടായിരുന്നു. ക്ഷേത്രം നിർമ്മിക്കുന്നതിന്റെ പവിത്രമായ ഉദ്ദേശ്യം നിറവേറ്റാൻ അത് ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിലേക്കാണ് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വിശ്വഹിന്ദു പരിഷത്ത് ക്ഷണിച്ചിരുന്നു. എൽ കെ അദ്വാനി ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.