അഭിമാന നേട്ടം; ദേശീയ പുരസ്‌കാര നിറവില്‍ വീണ്ടും ആലപ്പുഴ നഗരസഭ

ആലപ്പുഴ: മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷൻ-അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരമാണ് ആലപ്പുഴ നഗരസഭ കരസ്ഥമാക്കിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി.

ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിലാണ് ആലപ്പുഴയ്ക്ക് പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്സ് മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ എന്നിവർ സംബന്ധിച്ചു. കേരളത്തിൽനിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ എ.എസ്. കവിത, മുനിസിപ്പൽ സെക്രട്ടറി എ.എം. മുംതാസ്, സ്വച്ഛ് സർവ്വേക്ഷൻ നോഡൽ ഓഫീസർ ജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സ്വച്ഛ് സർവ്വേഷൻ സർവേയിൽ സംസ്ഥാനത്ത് തുടർച്ചയായി ആറാം തവണയാണ് ആലപ്പുഴ നഗരസഭ ഒന്നാമതെത്തുന്നത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഡോക്യുമെന്റേഷനിലൂടെയുമാണ് പുരസ്‌കാരത്തിന് അർഹമായത്. 2023 ജനുവരിയിൽ സൈറ്റിൽ അപ്ലോഡ് ചെയ്ത രേഖകൾക്ക് സർവ്വീസ് ലെവൽ പ്രോഗ്രസ് എന്ന രീതിയിൽ 2023 ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യൽ, ജൂലായ് ഏഴ് മുതൽ ആഗസ്റ്റ് 31 വരെ നടന്ന സിറ്റിസൺ ഫീഡ്ബാക്ക് ക്യാമ്പയിൻ, സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ സ്വച്ഛ് ഭാരത് മിഷനിൽ നിന്നും നേരിട്ടുള്ള പരിശോധന തുടങ്ങിയവ പുരസ്‌കാര നേട്ടത്തിന്റെ നാൾവഴികൾ.

നിർമ്മല ഭവനം നിർമ്മല നഗരം, മാലിന്യമുക്ത നവകേരളം ക്യാമ്പയിനുകൾ, മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, തെരുവ്- കനാൽ സൗന്ദര്യ വൽക്കരണം, ഇടതോടുകളുടെ ശുചീകരണം, എറോബിക് സംവിധാനങ്ങൾ, ഗാർഹിക ബയോ കമ്പോസ്റ്റർ ബിൻ വിതരണം എന്നിങ്ങനെ ചിട്ടയായ പ്രവർത്തനങ്ങളാണ് നഗരസഭ നടത്തിയത്. ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ നഗരത്തിലാകെ മിനി എം.സി.എഫ്., എം.സി.എഫ്., ആർ.ആർ.എഫ്. സംവിധാനങ്ങൾ ഒരുക്കി. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് നഗരസഭ കൈവരിച്ച മികവും ഡോക്യുമെന്റേഷനിലൂടെ അപ്ലോഡ് ചെയ്തതും ജനകീയ അഭിപ്രായ സർവ്വേക്കൊപ്പം പുരസ്‌കാര നേട്ടത്തിലേക്കെത്താൻ പരിഗണിക്കപ്പെട്ടു.